ഇടുക്കി: തുലാവർഷം ശക്തമായതോടെ ഇടുക്കിയിൽ ശക്തമായ മഴ. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്‌ടി പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്.പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 13 ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ തുറക്കാനൊരുങ്ങുന്നത്. സെക്കൻ്റിൽ 5000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.കല്ലാർ പുഴ കര കവിഞ്ഞൊഴുകുകയാണ്. അതേസമയം കനത്ത മഴയില്‍ തൂക്കുപാലം, കൂട്ടാർ മേഖലകളിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. കട്ടപ്പന കുന്തളംപറയിലെ തോടും കരകവിഞ്ഞ് ഒഴുകുന്നു.കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്‌തനട ഭാഗത്തും വെള്ളം പൊങ്ങിയ നിലയിലാണ്. കക്കികവല ആറ്റിലെ ജലനിരപ്പ് ഉയർന്നു. വണ്ടിപ്പെരിയാർ ഭാഗത്തും വെള്ളം കയറിയ നിലയിലാണ്. കുമളിയിൽ നിന്ന് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.42 കുടുംബങ്ങളെയാണ് സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററിയിലേക്ക് മാറ്റിയിട്ടുള്ളത്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്‌ണ (9), ദയാൻ കൃഷ്‌ണ (4), കൃഷ്‌ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചു പോയി. സ്കൂട്ടറും കാറുമാണ് ഒഴുകിപ്പോയത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.







