പാലക്കാട്: ഏറെ കോളിളക്കമുണ്ടാക്കിയ നെന്മാറ പോത്തുണ്ടി സജിതാ വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടുവകുപ്പുകളിലായാണ് തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. അയല്‍വാസിയായ സജിതയെ 2019 ആഗസ്റ്റ് 31 നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വനത്തില്‍ പോയി ഒളിച്ചു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം 68 സാക്ഷികളുടെ മൊഴിയുമാണ് കേസില്‍നിര്‍ണായകമായത്. 2019ല്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചതു 2020ല്‍ ആയിരുന്നു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര. സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ.വിജയകുമാര്‍ ഹാജരായി. എഎസ്‌ഐ കെ.ജിനപ്രസാദ് പ്രോസിക്യൂഷനെ സഹായിച്ചു.







