തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മര്‍ദമായി ശക്തി പ്രാപിക്കും. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഇന്ന് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട ജില്ലകളിലാണ് മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം ഇടിമിന്നലിനും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.







