തിരുവനന്തപുരം: ആഭരണപ്രേമികളുടടെയും ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെയും നെഞ്ചില്‍
ഇടിത്തീയായി സ്വര്‍ണവിലയില്‍ കത്തിക്കയറ്റം. സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഒറ്റദിവസം ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യമാണ്. ഗ്രാമിന്റെ വിലയാകട്ടെ 305 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി. ഒരുലക്ഷം രൂപയെന്ന നിര്‍ണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവന്‍. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താല്‍ ഈ നാഴികക്കല്ലും സ്വര്‍ണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
ആഗോള വിപണിയില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറുകയാണ്. ട്രോയ് ഔണ്‍സിന് 4,300 ഡോളര്‍ പിന്നിട്ടു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റിന്റെ വില 1,31,920 രൂപയായി.
രാജ്യാന്തര സ്വര്‍ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. 18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി.
gold-rate-hit-record-high