തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പോറ്റിയെ നിലവില്‍ രഹസ്യകേന്ദ്രത്തില്‍ വച്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പോറ്റി എത്ര സ്വര്‍ണ്ണം തട്ടിയെടുത്തു എന്നതുള്‍പ്പെടെ ചോദ്യം ചെയ്യലില്‍ പുറത്തുവരേണ്ടതുണ്ട്. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി ആവര്‍ത്തിച്ചിരുന്നു. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
