പോത്തുണ്ടി സജിത കൊലക്കേസ്; പ്രതി ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

പാലക്കാട്: കേരളത്തെ ഞെട്ടിച്ച പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് ജില്ലാ അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. 2019 ഓഗസ്റ്റ് 31 നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയെ വീട്ടില്‍ കയറി ചെന്താമര എന്ന ചെന്താമരാക്ഷന്‍ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സജിതയുടെ ഭര്‍ത്താവ് തമിഴ് നാട്ടില്‍ ലോറി ഡ്രൈവറാണ്. മാസങ്ങളായി തമിഴ് നാട്ടില്‍ തന്നെയാണ് താമസം. മക്കള്‍ക്കൊപ്പമാണ് സജിത വീട്ടില്‍കഴിയുന്നത്. സജിതയുടെ വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതിയെത്തിയത്. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൊടുവാളുമായെത്തിയ ചെന്താമര സജിതയുടെ ശരീരത്തില്‍ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിച്ചു. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വീട്ടില്‍ വന്നു. പിന്നാലെ പൊലീസ് എത്തി പിടികൂടി. ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page