തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച അഗ്നി ബാധയില്‍ അന്‍പതു കോടിയില്‍ അധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. അന്തിമ കണക്കെടുപ്പിലേയ്ക്ക് എത്തുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും ഉയര്‍ന്നേക്കും.
തളിപ്പറമ്പ് ടൗണിലെ മൂന്നു നില കെട്ടിടമായ കെ വി കോംപ്ലക്‌സിലാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് അഗ്നിബാധ ഉണ്ടായത്. ഈ കെട്ടിടത്തില്‍ മൂന്നു നിലകളിലായി 112 കടമുറികളാണുള്ളത്. ഇവയില്‍ 101 കടകളെയും അപകടം പ്രതികൂലമായി ബാധിച്ചു. ഏറ്റവും വലിയ നഷ്ടം ഉണ്ടായത് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോം അപ്ലയന്‍സ് എന്ന സ്ഥാപനത്തിലാണ്. കെട്ടിടത്തിലെ 24 മുറികളാണ് ഈ സ്ഥാപനത്തിനു ഉള്ളത്. ഷാലിമാര്‍ ഹോം അപ്ലയന്‍സില്‍ 16 ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കടയുടെ സ്ഥാപകന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇത്രയും ഭിന്നശേഷിക്കാരായി നിയമിച്ചിരുന്നത്. അഗ്നി ബാധയില്‍ എല്ലാം നശിച്ചതോടെ ഇവരുടെ കുടുംബങ്ങളുടെ സ്ഥിതി പരിതാപകരമാകും. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം ഇനിയും അന്തിമമായി വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണ്.
