കാസർകോട്: നീലേശ്വരം നഗരത്തിൽ ഒരു ദിവസം മുഴുവൻ ഭീതി പരത്തിയ പേപ്പട്ടി വഴിയാത്രക്കാരായ 9 പേരെ കടിച്ചു. ഒടുവിൽ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. കോടതി ജീവനക്കാരി പേരോലിലെ സുധ, പള്ളിക്കരയിലെ കിഴക്കേ വീട്ടിൽ ബീന, പയ്യന്നൂർ വെള്ളൂരിലെ സവിത എന്നിവർ അടക്കം 9 പേരെയാണ് ബുധനാഴ്ച രാവിലെ നായ കടിച്ചത്. വൈകുന്നേരം റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് വെച്ച് ആശുപത്രി ജീവനക്കാരി പി ശ്രീജയെയും കടിച്ചു. കടിയേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ നായ പ്രദേശങ്ങളിലെ മറ്റു തെരുവ് നായ്ക്കളെ കടിച്ചതിനാൽ നീലേശ്വരം ഗവ. മൃഗാശുപത്രിയിലെ ഡോ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ സംഘം എത്തി കടിയേറ്റ തെരുവ് നായകൾക്ക് വാക്സിൻ നൽകി. വൈകീട്ട് പേ ബാധിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. നീലേശ്വരം നഗരസഭയുടെ പല ഭാഗത്തും ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്.
