കാസർകോട്: മടക്കര മത്സ്യബന്ധന തുറമുഖത്തിന് സമീപം തോണിയില്‍ ബോട്ടിടിച്ച് കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധര(50)ന്റെ മൃതദേഹമാണ് കാവുഞ്ചിറ കൃത്രിമ ദ്വീപിനു സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 7.45 ഓടയാണ് അപകടം നടന്നത്. മടക്കര ഹാർബറിന് സമീപം അഴീമുഖത്ത് മീൻപിടുത്ത ബോട്ടും പൂഴി വാരലിൽ ഏർപ്പെട്ട തോണിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനിടെ ശ്രീധരൻ മുങ്ങിത്താണു പോയി. ഒപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഫിഷറീസ് വകുപ്പിൻ്റെ റസ്ക്യുബോട്ടും കോസ്റ്റൽ പൊലീസും മീൻപിടുത്ത തൊഴിലാളികളും പുഴയിലും അഴിമുഖത്തും തിരച്ചിൽ നടത്തിയിരുന്നു. ഫയർഫോഴ്സും സ്‌കൂബ ടീമും തിരച്ചിലിനായി എത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
