കാസര്‍കോട്: 2018ല്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഡി എന്‍ എ പരിശോധനാഫലം നെഗറ്റീവായി. ഇതേ തുടര്‍ന്ന് യുവതിയില്‍ നിന്നു മൊഴിയെടുത്ത മഞ്ചേശ്വരം പൊലീസ് മറ്റൊരു യുവാവിനെതിരെ കൂടി കേസെടുത്തു.
2018ല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അവിവാഹിതയായ ഒരു യുവതി പ്രസവിച്ചിരുന്നു. അന്ന് യുവതി നല്‍കിയ പരാതി പ്രകാരം ഒരു യുവാവിനെതിരെ കേസെടുത്തു. ഗര്‍ഭം ധരിച്ചത് അതേ യുവാവില്‍ നിന്നാണെന്നു ശാസ്ത്രീയമായി തെളിയിക്കുന്നതിനായി പൊലീസ് അന്ന് യുവാവിന്റെയും യുവതി പ്രസവിച്ച കുഞ്ഞിന്റെയും രക്ത സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചു. പ്രസ്തുത പരിശോധനയുടെ ഫലം അടുത്തിടെയാണ് ലഭിച്ചത്. ഡി എന്‍ എ ടെസ്റ്റിന്റെ ഫലം പ്രതിയായ യുവാവിനു അനുകൂലമായാണ് ലഭിച്ചത്. തുടര്‍ന്ന് പരാതിക്കാരിയായ യുവതിയില്‍ നിന്നു പൊലീസ് വീണ്ടും മൊഴിയെടുത്തു. ഈ സമയത്താണ് കന്യാന സ്വദേശിയായ മറ്റൊരു യുവാവ് കൂടി തന്നെ ബലാത്സംഗം ചെയ്തതായി യുവതി മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പ്രസ്തുത യുവാവിനെ പ്രതിയാക്കി പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനു വീണ്ടും ഡി എന്‍ എ ടെസ്റ്റ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
