ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍

ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പേരില്‍ 40,000 രൂപ കളക്ട് ചെയ്ത ഹരിതകര്‍മ്മസേനാംഗം 4000 രൂപ പഞ്ചായത്തിന്റെ പേരില്‍ ബാങ്കിലടച്ചു. അവശേഷിച്ച പണം കീശയിലിട്ടു. അതേസമയം ബാങ്കില്‍ പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ അടച്ച തുകയായി കാണിച്ച നാലായിരത്തിനൊപ്പം ഒരു പൂജ്യം കൂടി എഴുതിച്ചേര്‍ത്ത് പഞ്ചായത്തധികൃതരെ ഏല്‍പ്പിച്ചു. മറ്റൊരു സംഭവത്തില്‍ 18000രൂപ പിരിവു ശേഖരിച്ചപ്പോള്‍ ബാങ്കിലടച്ചതു 8500 രൂപയായിരുന്നു. പണമടച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ 8500 എന്നതു 18000 എന്നു തിരുത്തി പഞ്ചായത്ത് ഓഫീസില്‍ ഏല്‍പ്പിച്ചു.
തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഇക്കാര്യം പഞ്ചായത്ത് യോഗത്തെ അറിയിച്ചു. പഞ്ചായത്ത് 17-ാം വാര്‍ഡ് ഹരിതസേനാ ലീഡര്‍ സീനത്ത്, സഹായി ശാരദ എന്നിവരെ ഹരിത കര്‍മ്മസേനയില്‍ നിന്നു പിരിച്ചുവിടാനും തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തധികൃതര്‍ വിവരം ജില്ലാ ഹരിതസേനാ ഓഫീസില്‍ അറിയിക്കുകയും അവര്‍ ഓഡിറ്റ് സംഘത്തെ പഞ്ചായത്ത് ഓഫീസിലേയ്ക്കയക്കുകയും ചെയ്തു. 17-ാം വാര്‍ഡ് ഹരിതകര്‍മ്മസേന ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച യൂസര്‍ഫീസിനെക്കുറിച്ച് ഓഡിറ്റിംഗ് പൂര്‍ത്തിയായതായറിയുന്നു. എല്ലാ വാര്‍ഡിലെയും യൂസര്‍ഫീ കളക്ഷന്‍ ഓഡിറ്റിനു വിധേയമാക്കുന്നുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ തരികിടകള്‍ കണ്ടെത്തിയേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കൃത്രിമം കണ്ടെത്തിയ 17-ാം വാര്‍ഡ് ഹരിതകര്‍മ്മസേന നേതാവ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീര്‍ച്ചാല്‍ വില്ലേജ് കമ്മിറ്റി പ്രസിഡന്റാണ്. ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാവും വരെ സര്‍വ്വീസില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഇരുവരോടും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page