കാസർകോട്: റെയിൽവേ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ നഷ്ടമായ ഒന്നരപ്പവൻ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ ലഭിച്ചു. ഞായറാഴ്ച കൊല്ലത്തു നിന്നും തിരുവനന്തപുരം -മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ കോഴിക്കോട് വരികയായിരുന്ന കൊല്ലം സ്വദേശിനി ത്രേസ്യാമ്മ(27)യുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് യാത്രയ്ക്കിടെ നഷ്‌ടപ്പെട്ടത്. മെയിൽ വഴി പരാതി ലഭിച്ചപ്പോൾ അത് കാസർകോട് ആർ പി എഫിന് കൈമാറുകയായിരുന്നു. ട്രെയിൻ കാസർകോട് എത്തിയപ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരായ രവി പി നായർ, മോഹിത് കുമാർ, ഷിജു എന്നിവർ കോച്ചിൽ നടത്തിയ അരിച്ചുപെറുക്കിയുള്ള തിരച്ചിലിൽ സ്വർണമാല സീറ്റിന് താഴെനിന്ന് കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് ഈ വിവരം ഉടമസ്ഥയെ അറിയിച്ചു. തിങ്കളാഴ്ച ആർപിഎഫ് ഇൻസ്പെക്ടർ ശശിയുടെയും എസ്.ഐ. വിനോദിന്റെയും സാന്നിധ്യത്തിൽ കാസർകോട് ആർപിഎഫ് ഓഫീസിൽ വെച്ച് സ്വർണമാല ത്രേസ്യാമ്മയ്ക്ക് തിരികെ നൽകി. ഉദ്യോഗസ്ഥരുടെ സമയോചിതവും അവസരോചിതവുമായ ഇടപെടലിലൂടെയാണ് സ്വർണ്ണമാല കണ്ടെത്താൻ കഴിഞ്ഞത്.

Congrats RPF Officers..