കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ചില സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സ്പോൺസർമാരായി പ്രവർത്തിക്കുകയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
പതിമൂന്ന് വർഷം മുൻപ് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ഒൻപത് വർഷം ഭരിച്ചിട്ടും പൂർത്തീകരിക്കാനാകാതെ പാതി വഴിയിൽ കിടക്കുമ്പോൾ അവിടേക്ക് തിരിഞ്ഞ് നോക്കാനും കാസർകോട് സർക്കാർ ജനറൽ ആസ്പത്രിയിൽ 2018ൽ മുഖ്യമന്ത്രി തന്നെ തറക്കല്ലിട്ട കെട്ടിടം പാതിവഴിയിലായതു പോലും സന്ദർശിക്കാൻ തയ്യാറാവാതെയും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയത് കാസർകോട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മതിയായ ചികിത്സ ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെട്ടപ്പോൾ തദ്ദേശവാസികളായ ആരോഗ്യ സംരക്ഷക പ്രവർത്തകർ ജനങ്ങൾക്ക് നല്കിയ വാക്ക് പാലിക്കുന്നതിന് വേണ്ടി പണിതീർത്ത ആസ്പത്രി
കഴിഞ്ഞ വർഷം കാസർകോട് നഗരത്തിലെത്തിയ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങിയത് നാട്ടുകാർ മറന്നിട്ടില്ല.
സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് പാർട്ടി വിലക്കിയത് കൊണ്ടാണ് നിശ്ചയിച്ച പരിപാടിയിൽ നിന്ന് ആരോഗ്യ മന്ത്രി വിട്ട് നിന്നതെന്ന് അന്ന് മന്ത്രി പത്രക്കാരോട് പറഞ്ഞിരുന്നു.
നാട്ടുകാരായ ചില സംരംഭകർ ആരംഭിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യെരുതെന്ന് നിർദ്ദേശിച്ച പാർട്ടി മുഖ്യമന്ത്രിയെ വിലക്കാത്തതെന്തെന്ന് വ്യക്തമാക്കണം.
സർക്കാർ ആശുപത്രികളെ നോക്കുകുത്തികളാക്കി വൻകിട സ്വകാര്യ ആശുപത്രികൾക്ക് കൊള്ള നടത്താൻ അവരുടെ ബ്രാൻ്റ് അമ്പാസഡർമാരായി ഭരണകർത്താക്കൾ മാറുന്നത് അപകടകരമായ അവസ്ഥയാണ്. ഇക്കാര്യത്തിൽ സി.പി.എം നയം വ്യക്തമാക്കണമെന്ന് അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

എ. അബ്ദുൾ റഹ്മാൻ്റെ പത്രക്കുറിപ്പ് ശ്രദ്ധിച്ചു. പച്ചപ്പരമാർത്ഥം എന്നല്ലാതെന്തു പറയാൻ!
ബ്രാൻ്റ് അംബാസഡരാവുന്നതിൽ രണ്ടുണ്ട് കാര്യം, ആശുപത്രിക്ക് പരസ്യവും ഉൽഘാടകർക്ക് പണവും. ഇതൊക്കെ എല്ലാ കാലവും എല്ലായിടത്തും ഇങ്ങനെ നിലനിൽക്കും. അതിനിടെ പ്രളയവും മഹാമാരിയും വന്ന് അംബാസിഡരും ആശുപത്രിക്കാരും ഉൾപ്പെടെ നാമെല്ലാവരും മണ്ണടിയും.