കുമ്പള: രണ്ടു ദിവസം നടക്കേണ്ടിയിരുന്ന കുമ്പള സ്‌കൂള്‍ കലോത്സവം ആദ്യ ദിവസമായ വെള്ളിയാഴ്ച ബഹളത്തിലും ലാത്തിച്ചാര്‍ജ്ജിലും സമാപിച്ചു. സ്‌കൂള്‍ അന്തരീക്ഷം സാധാരണ നിലയിലാക്കാനും കലോത്സവം പൂര്‍ത്തിയാക്കാനും വേണ്ട സാഹചര്യമൊരുക്കുന്നതിനു രാവിലെ ചേര്‍ന്ന പി ടി എ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കേ എം എസ് എഫ് പ്രവര്‍ത്തകര്‍ യോഗ സ്ഥലത്ത് ഇരച്ചു കയറിയതിനെ തുടര്‍ന്നു പി ടി എ യോഗവും അലങ്കോലപ്പെട്ടു.
കലോത്സവത്തില്‍ മൂകാഭിനയ മത്സരത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി പാലസ്തീന്‍ അനുകൂല ദൃശ്യങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ ഫ്രീ പാലസ്തീന്‍ എന്നെഴുതിയ ബാനര്‍ എടുത്തുയര്‍ത്തുകയായിരുന്നുവത്രെ. അധ്യാപകന്‍ ഉടന്‍ കര്‍ട്ടന്‍ ഇടാന്‍ നിര്‍ദ്ദേശിച്ചു.

ഇതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നു പറയുന്നു. തുടര്‍ന്നു ബഹളമായി. ബഹളം കൈയാങ്കളിയോടടുത്തതോടെ പൊലീസ് എത്തി ലാത്തി വീശി. കലോത്സവത്തിന്റെ തുടര്‍ന്നുള്ള മത്സരങ്ങളും ശനിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരങ്ങളും മാറ്റിവച്ചു. ഇതിനിടയില്‍ നാട്ടുകാര്‍ ഇടപെട്ടു. സ്‌കൂളില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ അടിയന്തര പി ടി എ വിളിച്ചു. രാവിലെ പി ടി എ യോഗം നടന്നു കൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ ഇരച്ചു കയറിയത്. തുടര്‍ന്നു പി ടി എ യോഗവു തടസ്സപ്പെട്ടിരിക്കുകയാണ്.
