കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 40 വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. പാണത്തൂർ സ്വദേശിയായ ഒരു വിദ്യാർത്ഥി മാത്രമാണ് ജില്ലയിൽ നിന്നുള്ളത്. രാജസ്ഥാൻ ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രവേശനം നേടി. അഖിലേന്ത്യാതലത്തിലുള്ള റാങ്ക് പട്ടികയിൽ നിന്ന് ഏഴുപേരും സംസ്ഥാന പട്ടികയിൽ നിന്നു 33 പേരുമാണ് പ്രവേശനം നേടിയത്. കോളേജിൽ ഹോസ്റ്റൽ സൗകര്യം പൂർണ്ണമായില്ല. അതിനാൽ ചെർക്കളയിൽ താൽക്കാലിക ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ 30 സീറ്റുള്ള കോളേജ് ബസ് തയ്യാറായി. മറ്റൊരു ബസ്സിനായി ശ്രമം നടത്തുന്നുണ്ട്. പെൺകുട്ടികളുടെ ഹോസ്റ്റലും അധ്യാപകരുടെ ക്വാർട്ടേഴ്സും നാലു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷ നൽകുന്നത്. 14 പ്രൊഫസർ, 20 അസോസിയേറ്റ് പ്രൊഫസർ, 25 അസിസ്റ്റന്റ് പ്രൊഫസർ, 15 ട്യൂട്ടർ എന്നിങ്ങനെ 99 തസ്തികകൾ ഇവിടെ വേണം. കോഴ്സിന്റെ ഭാഗമായി സ്പെഷ്യലിറ്റി വിഭാഗങ്ങളും ഡോക്ടർമാരും എത്തുന്നതോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ആശ്വാസമാകും.
