കാഞ്ഞങ്ങാട്: വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ മേഖലക്ക് മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു അധ്യക്ഷത വഹിക്കും. ഡിസംബര്‍ 31 നകം 500 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന വിജ്ഞാനകേരളം ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ഉറപ്പാക്കിയ പഞ്ചായത്തുകള്‍ക്ക് ഗോത്ര സമൃദ്ധി പുരസ്‌കാര വിതരണവും എല്ലാ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന എബിസിഡി പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സ്വാഗതവും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറയും. വകുപ്പ് സെക്രട്ടറി ഡോക്ടര്‍ എ കൗശികന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
