കാസര്‍കോട്: സ്‌കൂള്‍ കായിക മേളയ്ക്കിടയില്‍ കുഴഞ്ഞു വീണു മരിച്ച ഹസന്‍ റസയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച വൈകുന്നേരം വരെ കുഞ്ഞു പൂമ്പാറ്റയെ പോലെ സ്‌കൂള്‍ മുറ്റത്ത് പാറി നടന്ന ഹസന്‍ റസയുടെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാകാതെ കണ്ണീരൊഴുക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
മംഗല്‍പ്പാടി ജി ബി എല്‍ പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിയായ ഹസന്‍ റസ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശ്, മുര്‍ഷിദാബാദ്, ദേവ്പൂര്‍ സ്വദേശി ഇന്‍സാഫലി- ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. സഹോദരി: ഇല്‍മ. അഞ്ചു വര്‍ഷം മുമ്പാണ് ഇന്‍സാഫലിയും കുടുംബവും മംഗല്‍പ്പാടിയില്‍ എത്തി പെരിങ്കടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചത്. കാടുവെട്ടുന്ന ജോലിയാണ് ഇന്‍സാഫലിയുടേത്.
ബുധനാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഹസന്‍ റസയുടെ മൃതദേഹം പെരിങ്കടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ കുഞ്ഞു ഹസന്‍ റസയുടെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. മൃതദേഹം അയ്യൂര്‍, പെരിങ്കടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
