കുമ്പള: കുമ്പളയില്‍ നിര്‍മാണത്തിലിരിക്കുന്ന ടോള്‍ പ്ലാസയ്ക്കെതിരെ രൂപീകരിച്ച ടോള്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയില്‍ സിപിഎം ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ ഏകാധിപത്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണ ആരോപിച്ചു. പൊതുസമൂഹം ഇത് തള്ളിക്കളയുമെന്ന് അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് കുമ്പള പഞ്ചായത്ത് ഹാളില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ യു.പി താഹിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് ഡി പി ഐ യെ ആക്ഷന്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു അറിയിപ്പില്‍ പറഞ്ഞു. സമരത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും 24 മുതല്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ യോഗത്തില്‍ എസ് ഡി പി ഐ പ്രതിനിധികള്‍ ഉണ്ടായിരുന്നു. യോഗം പിരിഞ്ഞതിന് ശേഷം രാത്രി 11 മണിയോടു കൂടി സിപിഎം ഏരിയ സെക്രട്ടറി സുബൈര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പാര്‍ട്ടിയെ ആക്ഷന്‍ കമ്മിറ്റിയില്‍ നിന്നു ഒഴിവാക്കിയാതായി പ്രചരിപ്പിക്കുകയായിരുന്നു.
ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ നടക്കുന്ന നിയന്ത്രണമറ്റ, നിരുത്തരവാദപരമായ തീരുമാനങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്നും, പൊതു താല്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ച സംഘടനയുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഇത്തരം ഇടപെടലുകള്‍ ഹനി ക്കുമെന്നും അദ്ദേഹം മുന്നറിയിച്ചു.
ടോള്‍ വിരുദ്ധ പ്രക്ഷോഭം പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് വേണ്ടതെന്നും. എന്നാല്‍ പാര്‍ട്ടിപരമായ അധികാരം ഉപയോഗിച്ച് ഏകപക്ഷീയമായി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എസ്ഡിപിഐ അറിയിച്ചു.
