ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രിക്കാരിയുടെ മാല കവര്‍ന്ന് സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിലായി. നര്യാംപട്ട് പഞ്ചായത്ത് പ്രസിഡണ്ടായ ഭാരതി(56) ആണ് അറസ്റ്റിലായത്. ഡിഎംകെ നേതാവാണ് ഭാരതി. നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷ്മി(50)യുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 3 ന് കാഞ്ചിപുരത്ത് നടന്ന വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ബാഗിലെ 4 പവന്റെ മാല കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് കോയമ്പേട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബസിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാല മോഷ്ടിച്ചത് പഞ്ചായത്ത് പ്രസിഡണ്ടാണെന്ന് കണ്ടെത്തുകയായിരുന്നു. അതിവിദഗ്ധമായി ബാഗില്‍ നിന്നും മോഷ്ടിച്ചെടുക്കുന്നതും, നാല് പവന്‍ മാല ബാഗിലാക്കുന്നതും സിസിടിവില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഭാരതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഭാരതിക്കെതിരെ തിരുപ്പട്ടൂര്‍, വെല്ലൂര്‍, അംബൂര്‍, വൃദ്ധംപട്ട് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ നിലവിലുണ്ട്. ഇവരെ കോടതി കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
