ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. കാലമെത്ര മാറിയിട്ടും മാറാത്ത ഒന്നു തന്നെയാണ് ഉത്രാട പാച്ചിൽ. തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാട ദിനം. ഈ ദിവസമാണ് അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്. എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീർക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചിൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വർത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവിൽപ്പന ശാലകളിലും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും. ചട്ടിയും കലങ്ങളും നാഴിയും ഇടങ്ങഴിയും പറകളും പീഠങ്ങളും എല്ലാം ഈ കച്ചവടക്കാഴ്ച്ചയിലെ ദൃശ്യങ്ങളാകും. അത്തം മുതൽ വിപണി ഉണർന്നു തുടങ്ങിയിരുന്നു. ഇന്നു വിപണിയിലെ തിരക്ക് അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഉത്രാട നാളിലാണ് അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെയും കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.
