പയ്യന്നൂര്‍: ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. എരമം നോര്‍ത്ത് തവിടിശേരി സ്വദേശി വിജയന്‍ (50), ബന്ധു ഉള്ളൂര്‍ സ്വദേശി രതീഷ്(45) എന്നിവരാണ് മരിച്ചത്. ബുള്ളറ്റ് യാത്രക്കാരന്‍ ശീതളി(27) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പത്തുമണിയോടെ എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപമാണ് അപകടം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെരുമ്പട്ടയിലെ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേയാണ് ഇരുവരെയും ബൈക്ക് ഇടിച്ചതെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. രാഘവന്റെയും പത്മാവതിയുടെയും മകനാണ് രതീഷ്. സഹോദരങ്ങള്‍: ബിന്ദു, സിന്ധു. ചന്തുക്കട്ടിയുടെയും നാരായണിയുടെയും മകനാണ് വിജയന്‍. ഭാര്യ: നിഷ. മക്കള്‍: സമിക്, സോമനാഥ്. സഹോദരന്‍ രാജന്‍(വിമുക്ത ഭടന്‍).
