ന്യൂഡല്‍ഹി: ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ബലാത്സംഗക്കേസില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11 ന് ഡല്‍ഹിയില്‍ നടന്ന ഒരു ഹൗസ് പാര്‍ട്ടിക്കിടെ ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ചയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, തുടര്‍ന്ന് സംസ്ഥാനങ്ങളിലുടനീളം കപൂറിന്റെ നീക്കങ്ങള്‍ സംഘം നിരീക്ഷിച്ചതായും ഡിസിപി (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു. കപൂര്‍ ആദ്യം ഗോവയിലേക്കും പിന്നീട് പൂനെയിലേക്കും പോയി. അവിടെ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പാര്‍ട്ടിക്ക് ആതിഥേയത്വം വഹിച്ച കപൂറും മറ്റു രണ്ടുപേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആദ്യം ആരോപിച്ചത്. കൂടാതെ ഒരു സ്ത്രീ തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട്, തന്നെ ബലാത്സംഗം ചെയ്തത് കപൂര്‍ മാത്രമാണെന്ന് അവര്‍ തിരുത്തി. ആദ്യം കൂട്ടബലാത്സംഗമായി രജിസ്റ്റര്‍ ചെയ്ത കേസ് ഇനി ബലാത്സംഗമാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവം വീഡിയോയില്‍ അവര്‍ പകര്‍ത്തിയിട്ടുണ്ടെന്നും സ്ത്രീ ആരോപിച്ചു. എന്നാല്‍, ഇതുവരെ അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടന്ന വീട്ടിലെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് കപൂര്‍ പരാതിക്കാരിയുമായി ഇന്‍സ്റ്റഗ്രാമില്‍ ആദ്യം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഓഗസ്റ്റ് 11ന് കപൂര്‍, അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ, മറ്റു രണ്ട് പുരുഷന്മാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 18ന് പരാതിക്കാരി തന്റെ മൊഴി പുതുക്കി, കപൂറും സുഹൃത്തും തന്നെ ബലാത്സംഗം ചെയ്തതായും സ്ത്രീ തന്നെ ആക്രമിച്ചതായും ആരോപിച്ചു. മോല്‍ക്കി രിഷ്‌തോം കി അഗ്‌നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ജനപ്രിയ ഷോകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ആശിഷ് കപൂര്‍. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖംകൂടിയാണ് അദ്ദേഹം.
