കൊല്ലം: ഓച്ചിറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും കൂട്ടിയിടിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്.യു.വി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്. യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ 6.10 ഓടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്നു എസ്.യു.വിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി വാഹനം പൂര്‍ണമായും തകര്‍ന്നു. മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക എല്‍കെജി വിദ്യാര്‍ഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
