പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പൊലീസെത്തി നടപടിക്രമങ്ങള്‍ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബാറിൽ വച്ച് ഒരു സംഘവുമായി വാക്കേറ്റം ഉണ്ടായെന്നും അവർ പിന്തുടർന്നെത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പരേതരായ അമ്പുവിന്റെയും തായമ്പത്ത് കുഞ്ചിരിയുടെയും മകനാണ് മരിച്ച രാജേഷ്. സഹോദരങ്ങള്‍: ടി. കുമാരി, ടി. രാജീവന്‍(ലോഡിങ് തൊഴിലാളി എഫ്.സി.ഐ പയ്യന്നൂര്‍), ടി.രതീഷ് (നിര്‍മാണ തൊഴിലാളി), ടി. പുഷ്പ.
