കൊച്ചി: യുവതികള്‍ താമസിക്കുന്ന ഹോംസ്റ്റേകളില്‍ മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ചേരാനല്ലൂര്‍ ഇടയക്കുന്നം മഠത്തില്‍പ്പറമ്പില്‍ വീട്ടില്‍ സനീഷാണ് (24) ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ചിറ്റൂരിലെ ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി അന്തേവാസിയായ യുവതിയുടെ സ്മാര്‍ട്ട് വാച്ചും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പഠന സര്‍ട്ടിഫിക്കറ്റുകളും കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതികുടുങ്ങിയത്. നിരവധി യുവതികളും പെണ്‍കുട്ടികളും താമസിക്കുന്നതിനാല്‍ ഹോംസ്റ്റേയുടെ വാതില്‍ എല്ലാ സമയത്തും പൂട്ടാറില്ലെന്ന് മനസിലാക്കിയാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ മാസ്‌കിട്ട് മുഖം മറച്ചാണ് മോഷണം. എന്നാല്‍ സിസിടിവി ചതിച്ചില്ല. ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ സ്ത്രീകളുടെ വസ്ത്രങ്ങളാണ് സ്ഥിരം മോഷ്ടിക്കാറുള്ളതെന്ന് പൊലീസ് പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ക്കെതിരെ തൊടുപുഴയിലാണ് പോക്‌സോ കേസുള്ളത്. ഹോംസ്റ്റേയില്‍ നിന്ന് കവര്‍ന്ന സാധനങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്തതോടെ മുമ്പ് മോഷണം നടത്തിയ സംഭവങ്ങളും സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
