തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി 77,000 കടന്ന് സ്വര്‍ണവില. പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 77,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപ ഉയര്‍ന്ന് 9705 രൂപയിലെത്തി. ആഭരണ പ്രേമികള്‍ക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 10,588 രൂപയും പവന് 84,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,941 രൂപയും പവന് 63,528 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 136 രൂപയും കിലോഗ്രാമിന് 1,36,000 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വര്‍ണവ്യാപാരം ആരംഭിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 84,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 75000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
