കാസര്‍കോട്: പെറ്റമ്മയും പോറ്റമ്മയും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഉറുമ്പരിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ശ്രദ്ധേയനായ ജനകീയ ഡോക്ടര്‍ കായിഞ്ഞി ഞായറാഴ്ച (ആഗസ്ത് 31) പടിയിറങ്ങുന്നു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ജീവിതം ആതുര ശുശ്രൂഷയ്ക്കായി മാറ്റിവച്ച അദ്ദേഹം പടിയിറങ്ങുന്നത്. 2000ത്തിലാണ് ഉറുമ്പരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയ സംഭവം ഉണ്ടായത്. അന്ന് പ്രസ്തുത സംഭവം കാരവല്‍ സചിത്ര വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 1965ല്‍ ചെമ്പരിക്കയിലാണ് കായിഞ്ഞിയുടെ ജനനം. ചാത്തങ്കൈ എല്‍.പി സ്‌കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. കാസര്‍കോട് ഗവ. കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു പ്രസ്തുത കാലത്തെ പഠനം. കാസര്‍കോട് ഗവ. കോളേജില്‍ നിന്നു ബി.എസ്.സി സുവോളജി ബിരുദം നേടി. പിന്നീട് മെഡിക്കല്‍ പഠനത്തിലേക്ക് തിരിഞ്ഞു. പാവപ്പെട്ടവരോടുള്ള അനുകമ്പയും സഹാനുഭൂതിയും കാരണമാണ് മെഡിക്കല്‍ പഠനത്തിനു പ്രേരണയായത്. മെഡിക്കല്‍ പഠനകാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ സെക്രട്ടറിയായും കോളേജ് വോളിബോള്‍ ടീം ക്യാപ്റ്റനുമായി.
1995ല്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ഡോ. കായിഞ്ഞിയുടെ ആദ്യത്തെ സേവനം മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സിയിലായിരുന്നു. താല്‍ക്കാലിക നിയമനമായിരുന്നു. 2002ല്‍ മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സിയില്‍ സ്ഥിരനിയമനം ലഭിച്ചു. 2016ല്‍ ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി. ഏഴു വര്‍ഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു. 2023ല്‍ ഉദുമ, കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി.
കാരവലില്‍ ‘കായിഞ്ഞിസം’ , ‘പൂഴിക്കടകന്‍’ എന്നീ പേരുകളില്‍ എഴുതിയിരുന്ന ആക്ഷേപ ഹാസ്യ പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡ് മഹാമാരി കാലത്ത് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനെ രണ്ടു ദിവസം കൊണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കിയതിന്റെ നോഡല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി ആയിരുന്നു. കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ഡോ. കായിഞ്ഞി നിലവില്‍ സംസ്ഥാന സമിതി അംഗമാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നു വിരമിച്ച ഹെഡ്‌നേഴ്‌സ് ആണ് ഭാര്യ. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു. മകള്‍ ജോര്‍ജിയയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. ചെമ്പരിക്കയിലെ ആദ്യത്തെ ഡോക്ടര്‍ ആണ് കായിഞ്ഞി.

Deerkha Kala sevanathinu abhinanthanangal.
Thudarnnum thangalude sevanam samuuhathinu labyamavatte ennu aasamsikkunnu