തിരുവനന്തപുരം: ഇക്കുറി ഓണത്തിന് കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 1, 2, 3, 4 തിയതികളില്‍ പരക്കെ മഴയ്ക്ക് സാധ്യത. അങ്ങനെ വരുമ്പോള്‍, ഉത്രാടം ദിവസം മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അത് വഴിയോര കച്ചവടക്കാരെയാണ് ബാധിക്കുക. ഓണാഘോഷ തയ്യാറെടുപ്പിലാണ് കേരളം മുഴുവന്‍. ക്ലബുകളും സ്ഥാപനങ്ങളും ഉത്രാടം മുതല്‍ വിപുലമായ ആഘോഷത്തിന് ഒരുങ്ങവേയാണ് മഴ ആശങ്ക പരത്തുന്നത്. നിലവില്‍ അത്തം മുതല്‍ പെയ്യുന്ന മഴ പൂവിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാള്‍ ശനിയാഴ്ച രാവിലെ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്. ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ജാഗ്രതാ നിര്‍ദേശമുളളത്. യല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആയതിനാല്‍ നിലവില്‍ മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകള്‍ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്നം നിലവില്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
