കാസർകോട്: ആഗസ്ത് മാസത്തിലെ അവസാന ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഞായറാഴ്ച തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്നും ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
