തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പി.യെ ഡി.വൈ. എഫ്.ഐ വടകരയിൽ വഴി തടഞ്ഞു അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനു നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി. ലാത്തി ചാർജിൽ വനിതാ പ്രവർത്തകരുൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. അക്രമങ്ങളിൽ പ്രതിഷേധിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ കുത്തിയിരുന്നു. ബുധനാഴ്ച വടകരയിൽ വച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പി യെ വഴി തടഞ്ഞ് അധിക്ഷേപിച്ചത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനു പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രതിഷേധമുണ്ടായിരുന്നു. സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വന്നതിയിലേക്കു പന്തം കൊളുത്തി പ്രകടനം നടത്തിയത്. രാജ്ഭവനടുത്തു നിന്നാരംഭിച്ച മാർച്ച് പൊലീസ് ബാരിക്കേടു വച്ചു തടഞ്ഞതോടെ പ്രവർത്തകർ പന്തം പൊലീസിനു നേരെ വലിച്ചെറിഞ്ഞതായി ആരോപണമുണ്ട്. ഇതിൽ പൊലീസുകാർക്കു പരിക്കേറ്റതായും പരാതിയുണ്ട്. തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നെന്നു പറയുന്നു.
