കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയുടെ നിര്‍ണായക വിധി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്.
ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
2005 സെപ്റ്റംബര്‍ 27 നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകളുണ്ടെന്നും വ്യക്തമായിരുന്നു. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു.
പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
