കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡരുകില്‍ ഇറക്കി വച്ച ഇരുമ്പു കൈവരികള്‍ കടത്തി കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെരിയ, ചെക്കിപ്പള്ളത്തെ എം മന്‍സൂര്‍(31), കുണിയ, പാറ ഹൗസിലെ മുഹമ്മദ് റിസാദ് (26), കുണിയ കുണ്ടൂര്‍ ഹൗസിലെ അലി അസ്‌ക്കര്‍ (26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ് ഐ എ എന്‍ സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പൊയ്‌നാച്ചി പെട്രോള്‍ പമ്പിനു സമീപത്തു നിന്നു കമ്പികള്‍ കടത്തി കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് സംഘം കുടുങ്ങിയത്. സൈറ്റ് സൂപ്പര്‍ വൈസര്‍ രാജപ്പന്‍പ്പിള്ള നാട്ടുകാരുടെ സഹായത്തോടെ സംഘത്തെ തടഞ്ഞു വച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ദേശീയപാതയുടെ സര്‍വ്വീസ് റോഡിനോടനുബന്ധിച്ചുള്ള നടപ്പാതയുടെ താഴ്ചയുള്ള പാര്‍ശ്വഭാഗങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന കൈവരികളാണ് മോഷണം പോയത്. രണ്ടുമീറ്റര്‍ നീളവും ഒന്നരമീറ്റര്‍ ഉയരവുമുള്ള ഒരു ഇരുമ്പു കൈവരിക്ക് 10,320 രൂപ വിലവരും. പൊയ്‌നാച്ചി സൗത്തു മുതല്‍ മൈലാട്ടി സബ്‌സ്റ്റേഷന്‍വരെയുള്ള ഭാഗത്തു സ്ഥാപിക്കാനായി ഇറക്കിവച്ച കമ്പികളാണ് മോഷണം പോയത്. ഞായറാഴ്ച രാത്രി 10.30മണിയോടെയായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ വാഹനത്തില്‍ എത്തി ഇരുമ്പു കമ്പികള്‍ കടത്തി കൊണ്ടു പോകുന്നത് സമീപത്തെ കടയില്‍ ഉണ്ടായിരുന്നവര്‍ കണ്ടിരുന്നു. ഇക്കാര്യം കരാറുകാരായ മേഘ കമ്പനി അധികൃതരെ അറിയിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തുമ്പോഴേയ്ക്കും സംഘം രക്ഷപ്പെട്ടിരുന്നു. ചൊവ്വാഴ്ച വീണ്ടും ഇരുമ്പു കമ്പികള്‍ കടത്തികൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് സംഘം അറസ്റ്റിലായത്. കൈവരികള്‍ സ്ഥാപിക്കുന്നതിനുള്ള ഉപകരാര്‍ എടുത്ത കൊളത്തൂരിലെ നഞ്ചില്‍ എഞ്ചിനീയറിംഗ് വര്‍ക്‌സ് മാനേജര്‍ മുന്നാട്, കമ്മാളംകയയിലെ കെ കെ അനിലന്‍ നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
