കൊച്ചി: ബാറില്‍ വച്ചുള്ള അക്രമത്തിന് പിന്നാലെ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പൊലീസിനു ലഭിച്ചു. നടിക്കൊപ്പം മിഥുന്‍, അനീഷ് എന്നിവരും മറ്റൊരു പെണ്‍സുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍
മിഥുനെയും അനീഷിനെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം നടി ഒളിവില്‍ പോയെന്നാണ് വിവരം.
ആഗസ്ത് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്.
സംഘത്തില്‍ നടി ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും, മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലെത്തുകയായിരുന്നു. രാത്രി 11.45 ഓടെ നോര്‍ത്ത് റെയില്‍വേ പാലത്തിനു മുകളില്‍ വച്ച് പ്രതികള്‍ കാര്‍ തടഞ്ഞ് പരാതിക്കാരനെ കാറില്‍നിന്ന് വലിച്ചിറക്കിപ്പോയെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തന്നെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് സലീമിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് ലക്ഷ്മി മേനോന്‍. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.
