കൊല്ലം: യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി ഉയർന്നതോടെ ചവറ കുടുംബ കോടതി മുൻ ജഡ്ജി വി.ഉദയകുമാറിന് സസ്പെൻഷൻ. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെ സസ്പെൻഡ് ചെയ്തത്. പരാതിയിൽ ഹൈക്കോടതി റജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തന്‍റെ ചേംബറിൽ എത്തിയ യുവതിയോട് ജഡ്ജി
അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ളതിനാൽ പൊലീസിനെ സമീപിക്കേണ്ടെന്ന് യുവതി തീരുമാനിച്ചിരുന്നു.
ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പരാതിക്കാരിയായ യുവതി നേരത്തേ പ്രതികരിച്ചിരുന്നു. നേരത്തെ രണ്ടു സ്ത്രീകൾ സമാനമായ പരാതിയുമായി ജഡ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ അഭിഭാഷകർ തന്നെ ജഡ്‌ജിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
