തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് കോട്ടയ്ക്കകം വാര്‍ഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കുടുംബം.
പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ ആരോപണം ഉന്നയിച്ചതില്‍ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജയന്‍ ആരോപിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ ‘കുറുവാ സംഘം’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ച് അപമാനിച്ചതില്‍ മനംനൊന്ത് ഇന്നലെ രാത്രി മുഴുവന്‍ ശ്രീജ കരച്ചിലായിരുന്നുവെന്ന് ഭര്‍ത്താവ് ജയന്‍ പറഞ്ഞു. ‘റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് പറഞ്ഞത്. കുഴപ്പമില്ല, എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതേസമയം സിപിഎമ്മുകാര്‍ക്ക് ആര്‍ക്കും പണം കൊടുക്കാനില്ലെന്ന് ജയന്‍ പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തുനിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. എന്നിട്ടും മോശമായ രീതിയില്‍ പ്രചരണം നടത്തി. നാടു മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഇന്നലെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. അതിനാല്‍ ഇന്നലെ ശ്രീജയ്ക്കു വലിയ മനോവിഷമം ഉണ്ടായിരുന്നു” ജയന്‍ പറഞ്ഞു. കടം നല്‍കിയവര്‍ പണം വാങ്ങി പ്രശ്നം അവസാനിപ്പിക്കാന്‍ തയാറായിരുന്നു. എന്നാല്‍ സിപിഎം പ്രശ്നം വഷളാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രശ്നം അവസാനിക്കുമെന്നു കണ്ടപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രീജയ്ക്കെതിരെ വലിയ അധിക്ഷേപ നീക്കം നടത്തുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍നിന്നാണ് ശ്രീജ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അതിനാല്‍ അവരെ വ്യക്തിപരമായി ആക്രമിക്കുക എന്നതായിരുന്നു കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്റെ പരിപാടിയെന്ന് നേതാക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് ശ്രീജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ആത്മഹത്യചെയ്തതെന്നാണ് നിഗമനം.
