തിരുവനന്തപുരം: ഇന്ന് അത്തം ഒന്ന്. അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. എന്നാല്‍ 11 ദിവസം പൂക്കളമിടേണ്ടി വരുന്നതില്‍ പലരും ആശയക്കുഴപ്പത്തിലാണ്.ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓര്‍മപുതുക്കലാണ് ഓണം. സപ്തംബര്‍ അഞ്ചിനാണ് ഇക്കുറി തിരുവോണം. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും. അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് പഴമൊഴി. പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. മാവേലി നാടിന്റെ പെരുമയും പ്രൗഢിയും വിളിച്ചോതുന്ന അത്തച്ചമയം രാവിലെ 9 ന് ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളക്കരയാകെ ഒരുമയുടെ തിരുവോണത്തിനായ് പൂവിളിയുയരും. അത്തപ്പതാക മന്ത്രി പി രാജീവ് ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന ഘോഷയാത്ര നഗരം ചുറ്റും. 450 പൊലീസുകാരുടെയും വിവിധ വകുപ്പുകളുടെയും കരുതലില്‍ ജനങ്ങള്‍ക്ക് കാഴ്ച്ചകള്‍ കണ്ട് ആസ്വദിക്കാം. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. ഏഴാം നൂറ്റാണ്ടില്‍ പെരുമാള്‍ രാജവംശമാണ് മലയാളികള്‍ക്ക് ഓണം വിളബരം ചെയ്യുന്ന തൃപ്പൂണിത്തുറ അത്തച്ചമയത്തിന് തുടക്കമിട്ടത്.
