കണ്ണൂര്‍: കവര്‍ച്ചാക്കേസില്‍ പിടിയിലായ കാമുകനെയും പിന്നീട് അടിപിടിക്കേസില്‍ പിടിയിലായ ഭര്‍ത്താവിനെയും ജാമ്യത്തിലിറക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍. പയ്യാവൂര്‍ വാതില്‍മടയില്‍ താമസിക്കുന്ന ഇരിക്കൂര്‍, കല്യാട് തായിക്കുണ്ടം പടുവിലാന്‍ ഹൗസില്‍ പി. പ്രശാന്ത് (39), ഉളിക്കല്‍ അറബി തെങ്ങുംതോട്ടത്തില്‍ ഹൗസില്‍ ടി.എസ്. നിധിന്‍കുമാര്‍ (30) എന്നിവരെയാണ് പേരാവൂര്‍ ഡിവൈ.എസ്.പി. എംപി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് കുടിയാന്‍മല സ്വദേശി ബിപിന്‍ കുര്യന്റെ കൂടെ ഒളിച്ചോടിയിരുന്നു. അന്ന് 15 വയസായിരുന്നു പെണ്‍കുട്ടിക്ക്. ഒളിച്ചോടി ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ കവര്‍ച്ചാക്കേസില്‍ പ്രതിയായി ബിപിന്‍ കുര്യന്‍ ജയിലിലായി. ഈസമയമാണ് കുപ്രസിദ്ധ കവര്‍ച്ചക്കാരായ പടുവിലാന്‍ പ്രശാന്തും നിധിന്‍കുമാറും ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നുപറഞ്ഞ് പെണ്‍കുട്ടിയെ സമീപിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍, കോഴിക്കോട്, ഗുണ്ടല്‍പേട്ട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ജാമ്യം ഉടന്‍ ശരിയാകുമെന്ന് ഓരോതവണയും പറഞ്ഞായിരുന്നു പല സ്ഥലങ്ങളിലും കൊണ്ടുപോയത്. അതിനിടെ യുവതി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിച്ച് മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസം ആരംഭിക്കുകയും ചെയ്തു. അതിനിടയില്‍ ഇരിട്ടിയിലും ആറളത്തും നടന്ന അടിപിടിക്കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ജയിലിലായതോടെ ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നുപറഞ്ഞ് പ്രശാന്തും നിധിന്‍കുമാറും വീണ്ടും യുവതിയെ സമീപിച്ചു. യുവതിയെ ഇരുവരും പീഡിപ്പിച്ചു. അതിനുശേഷം യുവതിയുടെ ഭര്‍ത്താവ് ജാമ്യത്തിലിറങ്ങുന്നതിന് മുന്നേയുള്ള ദിവസം വീണ്ടും ഇവര്‍ യുവതിയെ സമീപിച്ചു. എന്നാല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും താന്‍ ഇപ്പോള്‍ രണ്ട് കുട്ടികളുടെ മാതാവാണെന്നും പറഞ്ഞ് യുവതി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലുണ്ടെന്നും കൂടെ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി. ഭീഷണി അസഹ്യമായതോടെയാണ് യുവതി പേരാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രശാന്തിനെ വാതില്‍മടയില്‍വച്ചും നിധിന്‍കുമാറിനെ മലപ്പുറം വഴിക്കടവിലും വച്ചുമാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കവര്‍ച്ച, ഭണ്ഡാരക്കവര്‍ച്ച, ബാറ്ററി മോഷണം തുടങ്ങി നിരവധി കവര്‍ച്ചാക്കേസില്‍ പ്രതിയാണ് പടുവിലാന്‍ പ്രശാന്ത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് നിധിന്‍കുമാര്‍. മുഴക്കുന്ന് ഇന്‍സ്‌പെക്ടര്‍ എ.വി ദിനേശന്‍, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡംഗങ്ങളായ എസ്.ഐ രമേശന്‍, എ.എസ്.ഐ ശിവദാസന്‍, സീനിയര്‍ സി.പി.ഒമാരായ കെ.ജെ ജയദേവന്‍, രാഗേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
