കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ ഗൗരവമായി കാണുന്നുവെന്നും പരാതികള്‍ക്കും കേസുകള്‍ക്കും കാത്ത് നില്‍ക്കാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത് മാതൃകാപരമാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.
തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ ഒരു ധാര്‍മികതയും ഇല്ലെന്ന് അദേഹം പറഞ്ഞു. എഫ്‌ഐആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത് നിരവധി സംഭവങ്ങള്‍ മറ്റു പാര്‍ടികളിലുണ്ട്. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൈകൊണ്ടിട്ടുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് രാഹുലിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്ത്രീകളോട് ബഹുമാനവും ആദരവുമുളള പാര്‍ടിയാണ് കോണ്‍ഗ്രസ്. വിഷയം പാര്‍ടി പരിശോധിച്ചു. ഏതൊരുപാര്‍ടിയും എടുക്കാത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അതിനാല്‍ എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവക്കേണ്ടതില്ലെന്നു സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ സിപിഎം അവര്‍ക്കെതിരെ ഒരു നടപടിയെടുത്തില്ലെന്നും ഒരു നോട്ടീസ് നല്‍കാന്‍ പോലും തയ്യാറായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
