മംഗളൂരു: മുതിര്‍ന്ന കന്നഡ ചലച്ചിത്ര നടനും കലാസംവിധായകനുമായ മംഗളൂരു ദിനേശ് അന്തരിച്ചു. ഓതിങ്കളാഴ്ച രാവിലെ കുന്ദാപൂരിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മംഗളൂരു സ്വദേശിയായ ദിനേശ്, നാടകരംഗത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്. ‘ചിന്നാരി മുത്ത” ഉള്‍പ്പെടെ പ്രശസ്ത കലാസംവിധായകന്‍ ശശിധര്‍ അഡപ്പയുടെ സഹായിയായാണ് പ്രവര്‍ത്തിച്ചത്. നമ്പര്‍ 73, ശാന്തിനിവാസ തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. ‘ജാനുമട ജോഡി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. അതിനിടെ നടനെന്ന നിലയില്‍ അംഗീകാരം നേടി. കെ.എം. ചൈതന്യയുടെ ആ ദിനഗലു എന്ന ചിത്രത്തിലെ സീതാറാം ഷെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട താരമായി.
കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്ത് തന്നെ അറിയപ്പെടുന്ന നടനായി. ‘ബോംബെ ഡോണ്‍’ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. റിക്കി, ഹരികഥ അല്ല ഗിരികഥ, ഉളിദവരു കണ്ടന്തേ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. എലോ ജഗപ്പ നിന്ന പാലസ്, ഭുവനം ഗഗനം എന്നീ ചിത്രങ്ങളിലാണ് ദിനേശ് അവസാനമായി അഭിനയിച്ചത്. ‘കാന്താര’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചു. ശിവരാജ്കുമാര്‍ അഭിനയിച്ച ”രാക്ഷസ” എന്ന ചിത്രത്തിലെ കലയ്ക്ക് 2004-05 ല്‍ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ബുധനാഴ്ച രാവിലെ സുമനഹള്ളി ശ്മശാനത്തില്‍ അന്ത്യ കര്‍മങ്ങള്‍ നടക്കും. ഭാര്യ: ഭാരതി. മക്കള്‍: പവന്‍, സജ്ജന്‍.
