കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കര്‍ണാടകയില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹുന്‍സൂര്‍ സാലിഗ്രാമിലെ ദര്‍ഷിതയും മൈസൂര്‍ പെരിയപട്ടണം സ്വദേശി സിദ്ധരാജു (21) വിന് ദര്‍ഷിതയുമായി ഏഴ് വര്‍ഷത്തോളം അടുപ്പമുണ്ടെന്ന് വിവരം. സിദ്ധരാജുവിന്റെ പ്രേരണയെ ത്തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍ നിന്ന് 30 പവനും നാല് ലക്ഷം രൂപയും കൈക്കലാക്കി ദര്‍ഷിത നാടുവിട്ടതെന്നാണ് സൂചന. സിദ്ധരാജു ദര്‍ഷിതയില്‍ നിന്ന് 80,000 രൂപ കടം വാങ്ങിയിരുന്നു. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടില്‍ വരുന്നുണ്ടെന്നും അതിനാല്‍ പണം തിരിച്ചുനല്‍കണമെന്നും ദര്‍ഷിത ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദര്‍ഷിതയെ ഒഴിവാക്കാനും അവരുടെ കൈവശമുള്ള പണവും സ്വര്‍ണവും കൈക്കലാക്കാനും സിദ്ധരാജു പദ്ധതി തയ്യാറാക്കുകയായിരുന്നു. സ്വര്‍ണവും പണവും എടുത്തുവന്നാല്‍ നമുക്ക് മറ്റ് എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് സിദ്ധരാജു വിശ്വസിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടില്‍ നിന്ന് മകള്‍ക്കൊപ്പം ഇറങ്ങിയ ദര്‍ഷിത വീരാജ്‌പേട്ടയിലേക്ക് ബസില്‍ പുറപ്പെട്ടു. അവിടെ ബൈക്കുമായി സിദ്ധരാജു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബൈക്കിലാണ് ഇവര്‍ ഹുന്‍സൂറിലേക്ക് പോയത്. മകളെ വീട്ടിലാക്കി ദര്‍ഷിത പിറ്റേദിവസം രാവിലെ സിദ്ധരാജുവിനൊപ്പം ബൈക്കില്‍ പലയിടത്തും ചുറ്റിക്കറങ്ങി. വൈകുന്നേരം മൂന്ന് മണിയോടെ സാലിഗ്രാമിലെ ലോഡ്ജില്‍ മുറിയെടുത്തു. ലോഡ്ജില്‍വച്ച് ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ തര്‍ക്കമുണ്ടായതായി. അഞ്ച് മിനുട്ട് കൊണ്ട് തന്നെ മുറിയില്‍ നിന്ന് സിദ്ധരാജു പുറത്തേക്ക് പോയി. ഭക്ഷണം വാങ്ങിക്കാനാണ് പോകുന്നതെന്നാണ് ലോഡ്ജിലെ ജീവനക്കാരോട് പറഞ്ഞത്.

എന്നാല്‍ പെട്ടെന്ന് തന്നെ തിരിച്ചെത്തി മുറിയുടെ വാതില്‍ തുറക്കാനാവില്ലെന്ന് ജീവനക്കാരോട് പറഞ്ഞു. അവര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് കട്ടിലില്‍ ദര്‍ഷിത മരിച്ചുകിടക്കുന്ന ഭീകര ദൃശ്യം കണ്ടത്. മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മരണമെന്ന് പറഞ്ഞ് ദര്‍ഷിതയുടെ മൃതദേഹം എടുത്ത് പുറത്തേക്ക് പോകാന്‍ സിദ്ധരാജു ശ്രമം നടത്തി. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കര്‍ണാടക പൊലീസെത്തി സിദ്ധരാജുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ കൊലപാതകമാണെന്ന് വ്യക്തമായി. ലോഡ്ജില്‍ വച്ച് തര്‍ക്കം നടന്നതോടെ സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ദര്‍ഷിതയെ അബോധാവസ്ഥയിലാക്കി കൈ രണ്ടും കെട്ടിയിട്ട് ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ വയര്‍ ഇലക്ട്രിക്ക് പ്ലഗില്‍ ഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ സ്വിച്ചിട്ടയുടന്‍ സിദ്ധരാജു പുറത്തേക്ക് കടക്കുകയും ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് താടിയെല്ലും മുഖവുമടക്കം തകര്‍ന്ന് ദര്‍ഷിത ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ദര്‍ഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് കൂടുതല്‍ വികൃതമാക്കി. ഹാര്‍ഡ് വെയര്‍ ആന്റ് ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജീവനക്കാരനാണ് സിദ്ധരാജു. അതിനാല്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളെ കുറിച്ച് ഇയാള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. അതിനാലാണ് കൊലപാതകത്തിന് പുത്തന്‍ രീതി ഉപയോഗിച്ചത്. ദര്‍ഷിത തന്നെയാകാം സ്വര്‍ണം കവര്‍ന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം.
