കാസർകോട്: കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെങ്കിൽ അത് നടപ്പാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 70 വയസിന് താഴെയുള്ളവർക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടെങ്കിലും 70 വയസിന് മുകളിലുള്ളവർക്ക് ചികിത്സാസഹായം ലഭിക്കുന്ന ഒരു പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്ന് ആരോപിച്ച് കാസർകോട് കണ്ണിവയൽ സ്വദേശി എൻ.എസ്. മൈക്കിൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതി വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. വയോജനങ്ങൾക്ക് ആവശ്യമായ ചികിത്സ യഥാസമയം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
