മംഗളൂരു: ശശിഹിത്ലു ബീച്ചില്‍ കളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരയില്‍പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മംഗളൂരുവിനടുത്തുള്ള ശശിഹിത്ലു ബീച്ചില്‍ ആണ് അപകടം. പടുപനമ്പൂര്‍ കാജകത്തോട്ട സ്വദേശി പരേതനായ അന്‍വറിന്റെ മകന്‍ മുഹമ്മദ് സമീര്‍ (23) ആണ് മരിച്ചത്. ഐമാന്‍ (23), റയീസ് (22), ഫാസില്‍ എന്നിവരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. ബന്ധുക്കളായ ആറംഗ സംഘം ശശിഹിത്ലു മൂഡ ബീച്ചില്‍ വിനോദയാത്രയ്ക്ക് എത്തിയിരുന്നു. ബീച്ചില്‍ കളിക്കുന്നതിനിടെ സമീര്‍, ഐമാന്‍, ഫാസില്‍ എന്നിവര്‍ ശക്തമായ തിരമാലകളില്‍ പെട്ട് അകപ്പെടുകയായിരുന്നു. ബഹളം കേട്ട് എത്തിയ മത്സ്യത്തൊഴിലാളികള്‍ അവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി മുക്കയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സൂറത്ത്കല്‍ പൊലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
