കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ അതിക്രമിച്ചു കയറി പുകയില ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ ജയിലധികൃതര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പനങ്കാവ് ശങ്കരന്‍കണ്ടിക്ക് സമീപം കൊമ്പന്‍ ഹൗസില്‍ കെ.അക്ഷയ് (27) ആണ് പിടിയിലായത്. ഞായറാഴ്ച്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കടന്ന മൂന്നുപേരും അവിടെ നിന്ന് സാധനങ്ങള്‍ മതില്‍ വഴി അകത്തേക്ക് എറിഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നത് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാര്‍ഡന്‍ കണ്ടുവെന്നു മനസിലായതോടെ മൂന്നുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ജയില്‍ വാര്‍ഡന്മാര്‍ പിന്തുടര്‍ന്ന് അക്ഷയിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ബീഡി, ഹാന്‍സ്, മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റ് രേഖപ്പെടുത്തി. സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് റിനിലിന്റെ പരാതിയിലാണ് അറസ്റ്റ്.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെത്തുടര്‍ന്ന് അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കുകയും ജയിലില്‍ മൊബൈല്‍ ഫോണും മയക്കുമരുന്നും ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.
