കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ല് വെച്ചത് കുട്ടികളെന്ന് കണ്ടെത്തി. പുതിയതെരു സ്വദേശികളായ 5 വിദ്യാര്‍ഥികളെ റെയില്‍വേ പൊലീസ് പിടികൂടി.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ വന്ദേഭാരത് കടന്നുപോകുമ്പോള്‍
പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. വലിയ ശബ്ദവുമുണ്ടായി. ഇതേ തുടര്‍ന്ന് ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി പാളം പരിശോധിച്ചു. പാളത്തില്‍ ട്രെയിന്‍ കയറി കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പരിസരത്തുകണ്ട നാട്ടുകാരോട് സംഭവം പറഞ്ഞു. അപ്പോഴാണ് ഒരുസംഘം കുട്ടികള്‍ സംഭവസ്ഥലത്ത് കണ്ടതായി പരിസരവാസികള്‍ മൊഴിനല്‍കിയത്. പിന്നീട് കുട്ടികളെ കണ്ടെത്തി. ചോദ്യം ചെയ്തതോടെ തങ്ങളാണ് ഇത് ചെയ്തതെന്ന് അവര്‍ സമ്മതിച്ചു. പ്രദേശത്തെ കുളത്തില്‍ നീന്താനെത്തിയതായിരുന്നു കുട്ടികള്‍. ഒരു കൗതുകത്തിന് ചെയ്തതാണെന്ന് കുട്ടികള്‍ പറഞ്ഞു. പിന്നീട് കുട്ടികളെ റെയില്‍വേ പലീസ് സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളെ വിളിപ്പിച്ചു.
