പി.പി ചെറിയാന്‍
കാലിഫോര്‍ണിയ: കടുത്ത പലതരം അസുഖങ്ങളെത്തുടര്‍ന്ന് താന്‍ മരിച്ചെന്നും ആ സമയത്ത് സ്വര്‍ഗം കണ്ടെന്നും യേശുവിനെ കണ്ടുമുട്ടിയെന്നും രചയിതാവായ റാന്‍ഡി കെ. അവകാശപ്പെടുന്നു. ‘ഫെയ്ത്ത് വയര്‍’ എന്ന ക്രിസ്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
‘ഞാന്‍ യേശു ക്രിസ്തുവിന്റെ പേര് ഉച്ഛരിച്ച ഉടനെ എന്റെ അടുത്ത് ആ രൂപം പ്രത്യക്ഷപ്പെട്ടു. അത് യേശുവാണെന്ന് എനിക്ക് മനസ്സിലായി. ആ ദൈവസാന്നിധ്യത്തില്‍ ഞാന്‍ സ്‌നേഹമെന്താണെന്ന് അറിഞ്ഞു,’ റാന്‍ഡി കെ. പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിസിനസ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കെ. രോഗ ബാധിതനായത്. കാല്‍മുട്ടില്‍ വീക്കവും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. അതുമായി അദ്ദേഹം സൈക്കിള്‍ യാത്ര പോവുകയും ചെയ്തു. ഇത് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഡോക്ടറുടെ അടുത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ഇദ്ദേഹത്തെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഏഴു ഭാഗത്തു രക്തം കട്ടപിടിച്ചതും ശ്വാസകോശത്തിലേക്കുള്ള ധമനികള്‍ അടഞ്ഞതും കാരണം കെ. മരണത്തോട് മല്ലിടുകയായിരുന്നു. ഇതിനിടെ മെത്തിസിലിന്‍-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന അണുബാധ രക്തത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം വൈദ്യ ശാസ്ത്ര പരമായി മരിച്ചതായി പ്രഖ്യാപിച്ചു. ഈ സമയത്താണ് താന്‍ മരണം അനുഭവിച്ചറിഞ്ഞതെന്ന് കെ. വെളിപ്പെടുത്തുന്നു.
‘ ശരീരം നിശ്ചലമായപ്പോള്‍ വല്ലാത്തൊരു അനുഭവമാണ് എനിക്കുണ്ടായത്. എന്റെ ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പെട്ടതായിരുന്നു അത്. പിന്നീട് താഴെ കിടക്കുന്ന ശരീരത്തെ നോക്കിനില്‍ക്കുന്ന ഒരു മൂന്നാമത്തെ ആളായി ഞാന്‍ മാറി,’ കെ. കൂട്ടിച്ചേര്‍ത്തു.