കാസര്‍കോട്: വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി ദമ്പതികളെ കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 35, 000 രൂപ പിഴയും ശിക്ഷ. കള്ളാര്‍ നീലിമല സ്വദേശി ഷിജു ബേബി(44)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ പ്രതിയുടെ പിതാവിനെ കോടതി വെറുതെ വിട്ടു. 2019 മെയ് 10 നാണ് നീലിമല സ്വദേശികളായ ഗിരീഷ് കുമാറിനേയും ഭാര്യ സവിതകുമാരിയേയും പ്രതികള്‍ അക്രമിച്ചത്. ഷിജു ബേബിയും പിതാവ് കെസി ബേബിയും പറമ്പില്‍ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നാണ് കേസ്. രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് രാജപുരം സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന കെ രാജീവനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി ചന്ദ്രമോഷന്‍, ചിത്രകല എന്നിവര്‍ ഹാജരായി.
