കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 30 പവന്റെ ആഭരണങ്ങളും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരയില്‍ കെ.സി.സുമതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുമതയും മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു. മകന്റെ ഭാര്യ കര്‍ണാടകയിലെ അവരുടെ വീട്ടിലേക്കും പോയിരുന്നു. ജോലി കഴിഞ്ഞ് സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരു വശത്ത് ഒളിപ്പിച്ചുവച്ചാണ് കുടുംബം ജോലിക്ക് പോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. ഇരിട്ടി ഡിവൈ.എസ്.പി പി.കെ.ധനഞ്ജയബാബുവിന്റെ മേല്‍നോട്ടത്തില്‍ ഇരിക്കൂര്‍ സി.ഐ. രാജേഷ് ആയോടന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തി.
