പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഓണഘോഷം സെപ്റ്റംബര്‍ 6ന് നടക്കും. രാവിലെ 10 മണിക്ക് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. കളരി, മോഹിനിയാട്ടം, കേരള നടനം, മാര്‍ഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.
നാടന്‍നൃത്തം, വര്‍ണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും.
പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്.
ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
ഇവയെല്ലാം ഒത്തുചേര്‍ന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഉക്രൈയ്ന്‍ പ്രസിഡന്റ് ഡോ. യു.പി ആര്‍. മേനോന്‍ ഓണസന്ദേശം നല്‍കും.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ ഉന്നമനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഉക്രൈയ്നിലെ ആരോഗ്യ മന്ത്രാലയത്തിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കൂടിയായ അദ്ദേഹത്തിന് ഔഷധ നിര്‍മ്മാണ രംഗത്തു മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്.
ഓര്‍ത്തോപീഡിക് സര്‍ജന്‍ കൂടിയായ ഡോ. മേനോന്‍, ഇന്ത്യയ്ക്കും കിഴക്കന്‍ യൂറോപ്പിനുമിടയിലുള്ള ആരോഗ്യ മേഖലയിലെ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ഉക്രൈയ്നിലേക്കും സമീപ രാജ്യങ്ങളിലേക്കും എത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുന്നു. പൊതുജനാരോഗ്യം, ധാര്‍മികപരമായ ബിസിനസ്സ് രീതികള്‍, സുസ്ഥിരമായ വ്യവസായ വളര്‍ച്ച എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഈ രംഗത്ത് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു.