സിജു വി ജോര്‍ജ്
മെസ്‌ക്വിറ്റ്(ഡാളസ്): അമേരിക്കയില്‍ മദ്യപിച്ചു വാഹനമോടിക്കന്നവരെ വീട്ടിലെത്തിക്കാന്‍ മെസ്‌ക്വിറ്റ് പൊലീസ് പ്രത്യേക യാത്ര സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിക്കു തുടക്കമിട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നത് കര്‍ശനമായി തടയാനാണിത്.
മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ വര്‍ധിക്കുകയും, ഇത്തരം ഡ്രൈവര്‍മാര്‍ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പരിപാടി ആരംഭിച്ചത്. ‘മതേര്‍സ് എഗൈന്‍സ്റ്റ് ഡ്രങ്ക് ഡ്രൈവിംഗ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മെസ്‌ക്വിറ്റില്‍ രണ്ട് വാഹനങ്ങള്‍ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും, ഭവിഷ്യത്തുകള്‍ ഗുരുതരമാകാമായിരുന്നു. ഈ രണ്ട് കേസുകളിലെയും ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. ഈ വര്‍ഷം ഇതുവരെ 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 620 ആയിരുന്നു.
ഈ വര്‍ഷം മെസ്‌ക്വിറ്റില്‍ നടന്ന അപകടങ്ങളില്‍ 70 ശതമാനത്തിനും കാരണം മദ്യപിച്ച് വാഹനമോടിച്ചവരായിരുന്നു.
‘ഞങ്ങളുടെ കയ്യില്‍ നിന്ന് പണം ചെലവഴിച്ചാണെങ്കില്‍ പോലും ഒരു അപകടം ഒഴിവാക്കാനോ ഒരു ജീവന്‍ രക്ഷിക്കാനോ കഴിഞ്ഞാല്‍ അത് വിലമതിക്കാനാവാത്തതാണ്,’ മെസ്‌ക്വിറ്റ് പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രൂസ് സെയില്‍സ് പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ 5,000 ഡോണ്ട് ഡ്രിങ്ക് ദെന്‍ ഡ്രൈവ് കോസ്റ്ററുകള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. മദ്യപിക്കുന്നവര്‍ ഡ്രൈവര്‍ ആവാതെ യാത്രികരാകാന്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. ഈ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലിഫ്റ്റ് ആപ്പ് തുറക്കുകയും സൗജന്യ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.
Very interesting