തളിപ്പറമ്പ്: പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ച യുവതിയുടെ ടൈലറിംഗ് ഷോപ്പില്‍ കയറി യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇരിട്ടി, കോളിക്കടവിലെ മോഹനന്‍ (48) ആണ് ജീവനൊടുക്കിയത്. കോളിക്കടവ് സ്വദേശിനിയുടെ ഉടമസ്ഥതയില്‍ കരിയാലിലുള്ള ഷോപ്പിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയാണ് യുവതി. മോഹനന്‍ കുടുംബവുമായി അകന്നു കഴിയുകയാണ്. ഇതിനിടയില്‍ ഇയാള്‍ ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതിക്കു പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതിനെതിരെ യുവതി താക്കീതും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും പിന്നാലെ നടത്തവും താക്കീതും ആവര്‍ത്തിച്ചു. ഇതിലുള്ള വിരോധത്തില്‍ വ്യാഴാഴ്ച രാത്രി ടൈലറിംഗ് ഷോപ്പിലെത്തിയ മോഹനന്‍ പൂട്ട് തകര്‍ത്ത് അകത്തു കടന്ന ശേഷം ജീവനൊടുക്കുകയായിരുന്നു. കൈകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നു വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡിവൈ എസ് പി. പി കെ ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി.
